27 Apr 2024 01:48 IST
Share News :
മസ്‌കറ്റ്: കാത്തിരിപ്പിനൊടുവിൽ ആടുജീവിതം സിനിമ ഒമാനിലുമെത്തി. ക്ഷണിക്കപ്പെട്ട അതിഥികൾക്ക് വേണ്ടി "റോയൽ കിങ് ഹോൾഡിങ്" ആണ് ഖുറം വോക്‌സ് സിനിമയിൽ പ്രത്യേക പ്രദർശനം നടത്തിയത്. ചിത്രത്തിന് സ്വദേശികളിൽ നിന്നും മികച്ച പ്രതികരണം ലഭിച്ചു.
മസ്‌കറ്റ്, സലാല, നിസ്‌വ , സൊഹാർ എന്നീ രാജ്യത്തെ പ്രധാന നഗരങ്ങളിലെ സിനാമാ തീയറ്ററുകളിൽ എല്ലാം തന്നെ സിനിമ പ്രദര്ശനത്തിനുണ്ടാകും. സിനിമക്ക് ഒമാനിൽ പ്രദർശന അനുമതി ലഭിച്ചതോടെ തീയറ്ററുകളിലെത്തി സിനിമ കാണാനുള്ള ആവേശത്തിലാണ് ഒമാനിലെ മലയാളികളും.
മലയാളികൾ മാത്രമല്ല നിരവധി ഒമാൻ സ്വദേശികളും തങ്ങളുടെ പ്രിയതാരം താലിബ് ബലൂഷിയുടെ സിനിമ കാണാനെത്തും. സിനിമക്ക് പി ജി 12 റേറ്റിങ് നല്കിയിട്ടുള്ളതിനാൽ കുടുംബങ്ങൾക്ക് കുട്ടികളുമൊന്നിച്ചു സിനിമ കാണാനാകും.
മസ്‌കറ്റിലെ ഖുറം സിറ്റി സെന്റർ വോക്‌സ് സിനിമാസ്സിൽ നടന്ന ആടുജീവിതം സിനിമയുടെ ആദ്യ പ്രദർശനത്തിൽ ഒമാനിലെ ചലച്ചിത്ര പ്രവർത്തകരും, ഒമാനി പ്രമുഖരും, മാധ്യമ പ്രവർത്തകരും അടക്കം ക്ഷണിക്കപ്പെട്ട അതിഥികൾ മാത്രമാണ് ഉണ്ടായിരുന്നത്.
എല്ലാവരും ചേർന്ന് കേക്ക് മുറിച്ച് ചിത്രത്തിന്റെ ആദ്യ പ്രദർശനത്തിന്റെ സന്തോഷം പങ്കിട്ടു. ചിത്രത്തിലെ പ്രധാന വില്ലൻ കഥാ പാത്രത്തെ അവതരിപ്പിച്ച ഡോക്ടർ താലിബ് അൽ ബലൂഷിയും അദ്ദേഹത്തിന്റെ കുടുംബവും ചിത്രം കാണാൻ എത്തിയിരുന്നു.
ഒമാനിൽ ചിത്രം റിലീസ് ചെയ്യാൻ സാധിച്ചതിൽ താൻ അതീവ സന്തുഷ്ടനാണെന്നു നടൻ ഡോക്ടർ താലിബ് അൽ ബലൂഷി പറഞ്ഞു. പ്രദർശനം കാണാനെത്തിയ ഒമാനി സ്വദേശികളിൽ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ചിത്രത്തിൽ ചെറിയ വേഷത്തിൽ അഭിനയിച്ച ഒമാൻ പ്രവാസി സുനിൽ കുമാർ കൃഷ്ണൻ നായരും സിനിമയുടെ ഒമാനിലെ ആദ്യപ്രദര്ശനം കാണാനെത്തി.
Follow us on :
Tags:
Please select your location.