25 Apr 2024 18:18 IST
Share News :
കോഴിക്കോട് :ജില്ലയില്‍ കോഴിക്കോട്, വടകര ലോക്സഭ മണ്ഡലങ്ങളിലായുള്ള 2248 പോളിംഗ് ബൂത്തുകള്‍ വോട്ടിംഗ് യന്ത്രം ഉള്‍പ്പെടെ മുഴുവന്‍ സംവിധാനങ്ങളുമായി വോട്ടര്‍മാരെ വരവേല്‍ക്കാന്‍ പൂര്‍ണ സജ്ജമായി. പ്രിസൈഡിംഗ് ഓഫീസര്‍മാരുടെ നേതൃത്വത്തിലുള്ള പോളിംഗ് ഉദ്യോഗസ്ഥരുടെ സംഘം ഇന്നലെ (വ്യാഴം) രാത്രിയോടെ തന്നെ വിവിപാറ്റ് ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുമായി ബൂത്തുകളിലെത്തി.
രാവിലെ 5.30 ഓടെ സ്ഥാനാര്‍ഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തില്‍ വോട്ടിംഗ് മെഷീന്‍ പ്രവര്‍ത്തനസജ്ജമാണെന്ന് ഉറപ്പുവരുത്തുന്നതിനായി മോക്ക് പോള്‍ നടക്കും. വിവിപാറ്റ് വോട്ടിംഗ് യന്ത്രത്തില്‍ ചുരുങ്ങിയത് 50 വോട്ടുകള്‍ പോള്‍ ചെയ്യും. ഓരോ സ്ഥാനാര്‍ഥിക്കും ചെയ്യുന്ന വോട്ടുകള്‍ പ്രിസൈഡിംഗ് ഓഫീസര്‍ പ്രത്യേകമായി രേഖപ്പെടുത്തുകയും കണ്‍ട്രോള്‍ യൂണിറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന വോട്ടുകളുമായും വിവിപാറ്റിലെ മോക് പോള്‍ സ്ലിപ്പുകളുമായും അത് ഒത്തുനോക്കി തുല്യമാണെന്ന് ഉറപ്പുവരുത്തുകയും വേണം.
തുടര്‍ന്ന് കണ്‍ട്രോള്‍ യൂനിറ്റിലെ ക്ലിയര്‍ ബട്ടണ്‍ അമര്‍ത്തി മോക്ക് പോള്‍ ഡാറ്റ മായ്ച്ച് വോട്ടുകളുടെ എണ്ണം പൂജ്യം ആണെന്ന് ഉറപ്പാക്കി ഏജന്റുമാരെ ബോധ്യപ്പെടുത്തണം. ഇതിനു ശേഷം വോട്ടിംഗ് മെഷീന്‍ വീണ്ടും സീല്‍ ചെയ്യും. തുടര്‍ന്നാണ് ഇവ പോളിംഗിനായി ഉപയോഗിക്കുക.
വോട്ടെടുപ്പ് വേളയില്‍ ഏതെങ്കിലും വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുകയാണെങ്കില്‍ അവ മാറ്റി സ്ഥാപിക്കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.
ഇതിനായി ഓരോ നിയമസഭ മണ്ഡലങ്ങളിലെയും സ്‌ട്രോംഗ് റൂമുകളില്‍ ആകെ ഇവിഎമ്മുകളുടെ 20 ശതമാനവും വിവിപാറ്റിന്റെ 30 ശതമാനവും കരുതല്‍ യന്ത്രങ്ങളായി സൂക്ഷിക്കും. ആവശ്യമനുസരിച്ച് ഉപവരണാധികാരിയുടെ മേല്‍നോട്ടത്തിലാണ് വോട്ടിംഗ് യന്ത്രങ്ങള്‍ മാറ്റുക. എഞ്ചിനീയര്‍മാര്‍ പരിശോധിച്ച് വോട്ടിംഗ് യന്ത്രങ്ങളുടെ കേടുപാടുകള്‍ അപ്പോള്‍ തന്നെ തീര്‍ക്കാനാവില്ലെങ്കില്‍ മാത്രമാണ് പഴയത് മാറ്റി പുതിയത് ഉപയോഗിക്കുക.
വൈകിട്ട് ആറ് മണി വരെയാണ് വോട്ടിംഗ് സമയം. എന്നാല്‍
നിശ്ചിത സമയത്ത് വോട്ടെടുപ്പ് തീര്‍ന്നില്ലെങ്കില്‍ ആറു മണിക്ക് ബൂത്തിലെത്തിയവര്‍ക്ക് ടോക്കണ്‍ നല്‍കി അവരെ കൂടി വോട്ട് ചെയ്യാന്‍ അനുവദിക്കും
. വോട്ടെടുപ്പ് കഴിഞ്ഞ് മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം വോട്ടിംഗ് മെഷീന്‍ ഉള്‍പ്പെടെയുള്ള സാധനസാമഗ്രികളുമായി നിയമസഭാ മണ്ഡലം തല സ്വീകരണ കേന്ദ്രങ്ങളിലേക്ക് ഉദ്യോഗസ്ഥര്‍ തിരികെയെത്തും.
ഇവിടെ നിന്ന് വോട്ടിംഗ് യന്ത്രങ്ങള്‍ സുരക്ഷാ അകമ്പടിയോടെ വോട്ടെണ്ണല്‍ കേന്ദ്രമായ വെള്ളിമാടുകുന്ന് ജെഡിടിയില്‍ എത്തിച്ച് നിയമസഭാ മണ്ഡലം തലത്തില്‍ ഒരുക്കിയ സ്‌ട്രോംഗ് റൂമുകളില്‍ സൂക്ഷിക്കും.
ശക്തമായ സുരക്ഷയാണ് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഒരുക്കിയിരിക്കുന്നത്.
കള്ളവോട്ടും ആള്‍മാറാട്ടവും തടയുന്നതിന് ജില്ലയിലെ മുഴുവന്‍ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ബൂത്തുകളിലെ തത്സമയ ദൃശ്യങ്ങള്‍ നിരീക്ഷിക്കുന്നതിനായി 26 ലാപ്‌ടോപ്പുകള്‍, 13 ടിവി സ്‌ക്രീനുകള്‍ എന്നിവ ഉള്‍പ്പെടെ കലക്ടറേറ്റില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം സജ്ജമായി.
ദൃശ്യങ്ങള്‍ നിരീക്ഷിക്കുന്നതിനായി 35 ഉദ്യോഗസ്ഥരെയും ഇവിടെ നിയോഗിച്ചിട്ടുണ്ട്.
കണ്‍ട്രോള്‍ റൂം സന്ദര്‍ശിച്ച ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് ഇവിടത്തെ സജ്ജീകരണങ്ങള്‍ വിലയിരുത്തി. സുതാര്യവും നീതിപൂര്‍വകവും സമാധാനപരവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ എല്ലാ വിഭാഗം ആളുകളോടും ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു.
Follow us on :
More in Related News
Please select your location.