Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലോകഫുട്ബാൾ സമം കാർലോ ആൻസലോട്ടി

03 Jun 2024 01:40 IST

- Saifuddin Rocky

Share News :

ബൊറൂസിയ ഡോർട്ട് മുണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കി റയൽ മാഡ്രിഡ്‌ വീണ്ടും യൂറോപ്പിന്റെ അധിപൻമാരായിരിക്കുന്നു. റയലിന്റെ 15 ആം ചാമ്പ്യൻസ് ലീഗ് കിരീടമാണ് കഴിഞ്ഞ ദിവസം വെമ്പ്ളിയിൽ നേടിയെടുത്തത്. എതിരാളികൾക്ക് കയ്യെത്താ ദൂരത്താണ് സ്പാനിഷ് ടീമിന്റെ ഈ നേട്ടം. രണ്ടാം സ്ഥാനത്തുള്ള എ സി മിലാൻ 7 തവണയും ലിവർപൂൾ, ബയേൺ മ്യുണിക്ക് എന്നിവർ 6 വീതവുമാണ് യൂറോപ്യൻ ചാമ്പ്യൻമാരായത്. ഈ വിജയത്തിന് പിന്നിൽ എടുത്തു പറയേണ്ട ഒരാളുണ്ട് ;അവരുടെ കോച്ച് കാർലോ ആൻസലോട്ടി. ഈ കിരീടവിജയത്തിന്റെ ചാണക്യൻ ഇറ്റലിക്കാരനായ ഈ പരിശീലകനാണ്. യൂറോപ്യൻ ഫുട്ബാൾ ചരിത്രത്തിലെ 'മോസ്റ്റ്‌ സക്സസ്ഫുൾ പേഴ്സൺ' കാർലോ ആൻസലോട്ടിയാണ്. അതായത് ഏറ്റവും കൂടുതൽ ചാമ്പ്യൻസ് ലീഗ് കിരീട വിജയി ആയിട്ടുള്ളത് ആൻസലോട്ടിയാണ്. അഞ്ചു തവണയാണ് തന്റെ ചാണക്യമികവിലൂടെ ഈ നേട്ടം അദ്ദേഹം കൊയ്തെടു ത്തത്. അവയിൽ രണ്ടു തവണ എ സി മിലാനൊപ്പവും മൂന്ന് തവണ റയൽ മാഡ്രിഡിനൊപ്പവും. ഇതൊരു റെക്കോർഡ് കൂടിയാണ്. കൂടാതെ കളിക്കാരൻ എന്ന നിലയിൽ രണ്ടു തവണ ചാമ്പ്യൻസ് ലീഗിൽ മുത്തമിടാനും ഇദ്ദേഹത്തിനായിട്ടുണ്ട്.

റയലിൽ ആൻസലോട്ടിയുടേത് രണ്ടാമൂഴമാണ്.. മുൻപ്, 2013-15 സീസണിൽ റയൽ പരിശീലകനായിട്ടുണ്ട്. 2021 ലാണ് വീണ്ടും സ്പാനിഷ് വമ്പൻമാരുടെ പരിശീലക ചുമതല ഏറ്റെടുക്കുന്നത്. എല്ലാ പ്രമുഖ ലീഗുകളിലും വെന്നിക്കൊടി പാറിച്ച ഒരേയൊരു പരിശീലകനും കാർലോ ആൻസലോട്ടി ആണ്. എ സി മിലാനെ രണ്ടു തവണ ചാമ്പ്യൻസ് ലീഗ് കിരീടജേതാക്കളാക്കിയ (2002-03, 2006-07) അദ്ദേഹം 2004-05 സീസണിൽ റണ്ണർ അപ്പാക്കിയിട്ടുമുണ്ട്. 2003-04 സീസണിൽ മിലാൻ സീരി എ ചാമ്പ്യൻമാരായതും ഇദ്ദേഹത്തിന്റെ ശിക്ഷണത്തിലായിരുന്നു. ഇംഗ്ലണ്ടിൽ ചെൽസിയെയും (2009-10), ഫ്രഞ്ച് വണ്ണിൽ പി എസ് ജി (2012-13) യെയും ലീഗ് ജേതാക്കളാക്കിയിട്ടുണ്ട്. റയലിനൊപ്പം 2021-22, 2023-24 സീസണിൽ ലാ ലിഗ ചാമ്പ്യൻമാരാക്കിയതും മറ്റാരുമല്ല. അദ്ദേഹത്തിന്റെ അശ്വമേധം ഇവിടെയും തീർന്നില്ല. ജർമനിയിൽ ഒരു തവണ ബയേൺ മ്യുണിക്കിനെയും ലീഗ് കിരീടജേതാക്കളാക്കിയിട്ടുണ്ട്. 2016-17 സീസണിൽ ആയിരുന്നു അത്. ഫിഫ ക്ലബ്‌ ലോകകപ്പ്‌ മൂന്ന് വട്ടം ഉയർത്താനും ആൻസലോട്ടിയുടെ പരിശീലക മികവിന് സാധിച്ചിട്ടുണ്ട്.

അതത് ടീമുകളിലെ യുവതാരങ്ങൾക്ക് മികച്ച സ്പേസ് നൽകി അവർക്ക് പൂർണ സ്വാതന്ത്ര്യം നൽകുന്ന കളി മികവാണ് ആൻസലോട്ടിയുടേത്. റയലിൽ വിനിഷ്യസ് ജൂനിയർ, ജൂഡ് ബെല്ലിങ്ഹാം, ബ്രാഹിം ഡയസ്, റോഡ്രിഗോ, ഗോൾകീപ്പർ കോർട്ടോയിസ് എന്നിവരെ മുൻ നിർത്തിയുള്ള ചാണക്യതന്ത്രം വിജയം കാണുന്നത് ആൻസലോട്ടിയുടെ കൃത്യമായ ഗെയിം പ്ലാനിലൂടെയാണ്. മുൻപ്, മിലാനിലും ബയേണിലും ചെൽസിയുമെല്ലാം യുവ, വെറ്ററൻ താരങ്ങളെ ഒരേ നിരയിൽ അണിനിരത്തിയുള്ള വിജയമന്ത്രമാണ് ഫല പ്രാപ്തിയിലെത്താൻ സഹായിച്ചത്. ഇറ്റാലിയൻ ഫുട്ബാൾ മുൻപെങ്ങുമില്ലാത്ത വണ്ണം തകർച്ച നേരിടുമ്പോൾ ലോകഫുട്ബാളിന് വിജയ മന്ത്രം ഓതിക്കൊടുത്ത് ഒരു ഇറ്റലിക്കാരൻ കാൽപന്ത് കളിയുടെ സമവാക്യം തെറ്റിക്കുമ്പോൾ ആ നാമം ഉച്ചരിക്കാതെ ഫുട്ബാൾ ചരിത്രം പൂർണമാകില്ല എന്നത് ഒരു യാഥാർഥ്യമായി തുടരുന്നു...!!!

Follow us on :

More in Related News