10 Jun 2024 05:01 IST
Share News :
ദോഹ: ഇക്കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ രാഷ്ട്രീയ സാഹചര്യങ്ങൾ വിശകലനം ചെയ്യുന്നതിനും, സംഭവവികാസങ്ങൾ വിലയിരുത്തുന്നതിനും വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ സംഘടിപ്പിച്ചുകൊണ്ട് ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ ഒരു ചർച്ചക്ക് വഴിയൊരുക്കി.
ഇന്ത്യയിലെ പൊതുജന താൽപര്യം ആശാവഹമാണെന്ന് എസ് എ എം ബഷീർ വിലയിരുത്തി. ഈ തിരഞ്ഞെടുപ്പിൽ ജനാധിപത്യം നശിക്കപ്പെട്ടിട്ടില്ല എന്ന ബോധ്യം സന്തോഷം പകരുന്നു. രാഹുലിനെയും പ്രിയങ്കയെയും കൂടാതെ ഏറ്റവും വലിയ സ്വാധീനം ഉണ്ടാക്കിയ ധ്രൂവ് രാഥേയുടെ സോഷ്യൽ മീഡിയ പ്രവർത്തനങ്ങളും, അഖിലേഷ് യാദവിന്റെ സമയോചിതമായ ഇടപെടലും എല്ലാം ഈ ജനാധിപത്യ മുന്നേറ്റത്തിൽ നിർണ്ണായക പങ്കു വഹിച്ചു. കേരളീയ സമൂഹം മതേതരമൂല്യം മുറുകെ പിടിക്കുന്നതിൽ വിജയിച്ചുവെങ്കിലും നമ്മുടെ സംസ്ഥാനം വിവിധ മത സമൂഹങ്ങൾ ആയി വിഭജിക്കപ്പെടുന്നു എന്ന ആശങ്കയാണ് എസ് എ എം ബഷീർ പങ്കുവെച്ചത്. മത സൗഹാർദം വീണ്ടെടുന്നതിനുള്ള ശ്രമങ്ങൾ സജീവമാകണം എന്ന് അദ്ധേഹം അഭിപ്രായപ്പെട്ടു.
രാഹുൽ ഗാന്ധിയുടെ ഒറ്റയാൾ പോരാട്ടം ഉദ്ധിഷ്ട ലക്ഷ്യം കണ്ടതിൽ മതേതര ജനാധിപത്യ വിശ്വാസികൾ സംതൃപ്തരാണ്. എന്നാൽ രാഹുൽ ലക്ഷ്യം വെച്ചിരിക്കുന്നത് 2029ലെ ജനാധിപത്യ ഇന്ത്യയുടെ പുനർ നിർമ്മിതിയാണെന്ന് ഇൻകാസ് പ്രതിനിധി ഹൈദർ ചുങ്കത്തറ ചൂണ്ടിക്കാട്ടി. കേന്ദ്ര ഭരണകൂടത്തിനു ഇനിയുള്ള നാളുകൾ എളുപ്പമായിരിക്കില്ല. നാം നിരീക്ഷിക്കുകയാണ് എന്നാണ് ഇപ്പോൾ പറയാനുള്ളത്.
വെറുപ്പും വിദ്വേഷവും പ്രചരിപ്പിച്ചും, അസത്യങ്ങൾ പറഞ്ഞും അസഹിഷ്ണുത വളർത്താനുള്ള ഭഗീരഥ ശ്രമങ്ങൾ ഭയപ്പെടുത്തുന്നതായിരുന്നെന്നും, എന്നാൽ അതൊന്നും വിജയം കണ്ടില്ല എന്നതിലും സാഹിത്യകാരനായ സുനിൽ പെരുമ്പാവൂർ സമാധാനം കണ്ടെത്തുന്നു. ഫാഷിസത്തെ ഒറ്റപ്പെടുത്തുന്നതിൽ കേരളത്തെക്കാൾ കുടുതൽ പക്വമായ സമീപനം പ്രകടിപ്പിച്ചത് തമിഴ്‌നാടാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ തിരഞ്ഞെടുപ്പ് പ്രക്രിയ വിളിച്ചോതിയ കാര്യം, ജനാധിപത്യ മൂല്യങ്ങൾ കുഴിച്ചുമൂടപ്പെടാവുന്നതല്ലെന്ന പാഠമാണെന്നാണ് കെ.എം.സി.സി പ്രതിനിധി സലീം നാലകത്ത് അവതരിപ്പിച്ചത്. ഇന്ത്യയുടെ ചരിത്രം സ്വേച്ഛാധിപത്യത്തിന്നെതിരെ പോരാടി വിജയം വരിച്ചതാണ്. ഇന്ത്യ എന്നത് വിവിധ ഭാഷാ, ദേശ, ജാതി, വർണ്ണ, വർഗ്ഗ, സംസ്കാരങ്ങളുടെ സങ്കലനത്തിന്റെ സൗന്ദര്യമാണ്. അതിനെതിരെ രൂപീകരിക്കപ്പെട്ട ചിന്താധാരയാണ് ഏകാഗ്ര മാനവീകതയും (integral humanity), സാംസ്കാരിക ദേശീയതയും (cultural nationalism). ഹിന്ദുത്വ വാദത്തിന്ന് അടിസ്ഥാനമായ ഒരു കേന്ദ്രീകൃത രാഷ്ട്രം; അതിനനുസൃതമായ ഒരു സാംസ്കാരിക ദേശിയതയും. 100 വർഷങ്ങൾക്ക് മുമ്പ് എഴുതിവച്ച ഈ ഹിന്ദുത്വ അജണ്ടയാണ് മോഡി കഴിഞ്ഞ10 വർഷക്കാലത്തെ അധികാരം വഴി നടപ്പിലാക്കാൻ ശ്രമിച്ചത്. അതിനെതിരെ ഒരു മനുഷ്യൻ ഇന്ത്യയൊട്ടാകെ നടന്ന് ബോധവൽക്കരണം നടത്തി. ആ ഭയപ്പാടിനെയാണ് രാഹുൽ ഗാന്ധി ഇല്ലായ്മ ചെയ്തത്. ഇന്ത്യൻ ജനാധിപത്യത്തിനു ഗ്രാമങ്ങളിൽ അണികളെ ഒരുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. അതാണ് ജനം ഈ വിധിയെഴുത്തിലൂടെ അംഗീകരിച്ചത് എന്ന് സലീം വ്യക്തമാക്കി. യുപിയിലെ ജനങ്ങൾ രാമജന്മ ഭൂമി പോലുള്ള സംഘ് പരിവാർ കുതന്ത്രങ്ങളുടെ പൊള്ളത്തരങ്ങൾ മനസ്സിലാക്കി വിധിയെഴുതി എന്നതാണ് ഏറ്റവും മഹത്തായ കാര്യം.
രാജ്യത്തിന്റെ 5000 വർഷത്തെ പാരമ്പര്യം ധിക്കാരത്തിന്റെയും, ധാർഷ്ട്യത്തിന്റെയും രണ്ട് ആൾ രൂപങ്ങൾ ഉണ്ടാക്കി വെച്ച ഭയത്തിന്റെ അന്തരീക്ഷമാണ് ഈ
തെരഞ്ഞെടുപ്പ് തകർത്തു കളഞ്ഞതെന്ന് സഈദ് തളിയിൽ അഭിപ്രായപ്പെട്ടു. ആത്മീയതയെ രാഷ്ട്രീയ ലാഭത്തിനായി നിർലജ്ജം വിപണനമാക്കിയ ഒരു ഭരണാധികാരിയും, മാധ്യമങ്ങളെ മുഴുവൻ വിലക്കെടുത്ത് ഭരണ വിരുദ്ധ തരംഗത്തെയും, ഭരണ പരാജയത്തെയും മറച്ചു പിടിക്കുകയും, മാത്രമല്ല യാതൊരു തത്വദീക്ഷയുമില്ലാതെ കള്ളങ്ങൾ ആവർത്തിച്ചും, പെയ്ഡ് സർവേകൾ വഴി ഉണ്ടാക്കിയെടുത്ത പൊള്ളത്തരങ്ങളെയും തകർത്തെറിഞ്ഞ വിധി! അതാണ് നമ്മുടെ പ്രതീക്ഷ.
ഖത്തർ ഇന്ത്യൻ ഇസ്ലാഹീ സെന്റർ ലക്ത ആസ്ഥാനത്ത് സംഘടിപ്പിച്ച "പ്രതീക്ഷയുടെ ഇന്ത്യ" പ്രസിഡണ്ട് സുബൈർ വക്ര ഉദ്ഘാടനം ചെയ്തു. ഉപദേശക സമിതി കൺവിനർ മുനീർ സലഫി അവലോകനം നടത്തി. ജനറൽ സെക്രട്ടറി ഷമീർ പി.കെ സ്വാഗതം പറഞ്ഞു. അർഷാദ് ഹുസൈൻ, അൽ എക്സ്പെർട്ട് മുസ്തഫ, അക്ബർ ഖാസിം തുടങ്ങിയവർ സംസാരിച്ചു. അനീസ് നാദാപുരം നന്ദി പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.