07 Jun 2024 07:28 IST
Share News :
കോട്ടയം: സ്വകാര്യ ബസ് യാത്രക്കിടെ ഹൃദയാഘാതത്തെ തുടർന്ന് യുവാവ് മരിച്ചു. തൊടുപുഴ കാരിക്കോട് മാലപ്പറമ്പിൽ എം.എ. ആസാദ് (42) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 10.15 ഓടെ കോട്ടയം-അരീപ്പറമ്പ്-പാമ്പാടി റൂട്ടിൽ സർവിസ് നടത്തുന്ന അറബെല്ല ബസിലാണ് സംഭവം. പാമ്പാടിയിൽ നിന്നും ബസ് നാഗമ്പടം സ്റ്റാൻഡിലെത്തി ആളെ ഇറക്കുന്ന സമയത്താണ് ഫുട്ബോർഡിനു മുന്നിലെ സീറ്റിൽ യാത്രക്കാരൻ അനക്കമില്ലാതെ ഇരിക്കുന്നത് ജീവനക്കാർ ശ്രദ്ധിച്ചത്. ഉടൻ ഈ ബസിലെ യാത്രക്കാരിയായിരുന്ന നഴ്സും, നാഗമ്പടം എയ്ഡ് പോസ്റ്റിലുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥരും ചേർന്ന് പരിശോധിച്ചപ്പോൾ അബോധാവസ്ഥയിലാണെന്ന് മനസ്സിലാക്കി. തുടർന്ന്, ബസ് ഡ്രൈവർ റോണിയും, കണ്ടക്ടർ റോജിയും പൊലീസും ചേർന്ന് ജില്ല ജനറൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തുന്നതിനുമുമ്പേ മരിച്ചു.
മണർകാട് പള്ളിക്കുസമീപമുള്ള ഇദ്ദേഹത്തിന്റെ ഭാര്യാസഹോദരന്റെ വീട്ടിലായിരുന്നു താമസം. അവിടെനിന്ന് സഹോദരൻ രാജിന്റെ വീട്ടിലേക്കുള്ള യാത്രാമധ്യേയാണ് മരണം സംഭവിച്ചത്. ബസിൽ നല്ല തിരക്കുണ്ടായിരുന്നതിനാൽ ഇദ്ദേഹത്തെ പ്രത്യേകം ശ്രദ്ധിച്ചിരുന്നില്ലെന്ന് ബസ് ജീവനക്കാർ പറഞ്ഞു. കൈവശമുണ്ടായിരുന്ന ബാഗിലെ മേൽവിലാസത്തിൽ ബന്ധപ്പെട്ടാണ് വീട്ടുകാരെ വിവരമറിയിച്ചത്. ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന ആസാദിന് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു. കൂടാതെ, സ്ട്രോക്കുമുണ്ടായിട്ടുണ്ട്. കുറേക്കാലമായി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഭാര്യ നിഷ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രി നഴ്സാണ്. മൃതദേഹം ജില്ല ആശുപത്രിയിൽ. സംസ്കാരം പിന്നീട്.
Follow us on :
Tags:
More in Related News
Please select your location.