Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സംരംഭങ്ങളുമായി ബന്ധപ്പെട്ട കേസുകൾ ക്രിമിനൽമുക്തമാക്കും

02 Jun 2024 07:26 IST

- Enlight Media

Share News :

തിരുവനന്തപുരം: വ്യവസായസംരംഭങ്ങളുമായി ബന്ധപ്പെട്ട കേസുകൾ ക്രിമിനൽമുക്തമാക്കാൻ നിർദേശം. വ്യവസായം തുടങ്ങൽ എളുപ്പമാക്കൽ നടപടികളുടെ പുതിയ നിബന്ധനകളിലാണ് കേന്ദ്രസർക്കാർ ഇത്തരമൊരു വ്യവസ്ഥ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. കേസിൽ ഉൾപ്പെടുന്നത് വ്യവസായസംരംഭങ്ങളെ ബാധിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ.

മുന്നറിയിപ്പ്, പിഴ എന്നിവയ്ക്കുശേഷവും ആവർത്തിച്ചുള്ള നിയമലംഘനത്തിനുമാത്രം ക്രിമിനൽകേസ് ചുമത്തിയാൽ മതി എന്നതാണ് ഉദ്ദേശിക്കുന്ന രീതി. കുറ്റം ലഘൂകരിക്കരുത് എന്ന സംസ്ഥാനനയത്തിന്റെ ഭാഗമായി ക്രിമിനൽനടപടി ആദ്യഘട്ടത്തിൽ ഒഴിവാക്കി വലിയ പിഴയായിരിക്കും നടപ്പാക്കുക. 

17 വകുപ്പുകളിൽ 287 മാറ്റങ്ങളാണ് ഇതിനായിവേണ്ടത്. അതിൽ പ്രധാനപ്പെട്ടതാണ് ക്രിമനൽനടപടിക്കുള്ള സമയപരിധി നിശ്ചയിക്കുന്നത്. കേസുകളിൽ എത്രതവണ മുന്നറിയിപ്പ് നൽകണമെന്നതിലും വ്യവസ്ഥ കൊണ്ടുവരണമെന്ന് നിർദേശമുണ്ട്. സംസ്ഥാനത്തെ പല നിയമത്തിലും ഇതനുസരിച്ച് ഭേദഗതി വേണ്ടിവരും.

സംസ്ഥാന വ്യവസായവികസന കോർപ്പറേഷനാണ് (കെ.എസ്.ഐ.ഡി.സി.) ഇതിനുള്ള നടപടിയെടുക്കേണ്ടത്. ഓരോവകുപ്പിലുമുള്ള നിയമങ്ങളും നടപടികളും കാണിച്ച് കെ.എസ്.ഐ.ഡി.സി. കത്ത് നൽകിയിട്ടുണ്ട്. ഇതിനുള്ള മറുപടി കിട്ടിയാലാകും കരട് നിർദേശം തയ്യാറാക്കുക.

റവന്യുഭൂമിയിൽ കൈയേറ്റമുണ്ടായാൽ തുടക്കത്തിലെ ക്രിമിനൽ കേസെടുക്കുകയാണ് നിലവിലെ നിയമം. ആറുമാസം തടവാണ് ശിക്ഷ. ഭക്ഷ്യസുരക്ഷാനിയമം, മലിനീകരണ നിയന്ത്രണ നിയമം എന്നിവയിലും തുടക്കത്തിൽ ക്രിമിനൽ കേസുണ്ടാവും.


സംരംഭവുമായി ബന്ധമില്ലാത്തതും വ്യവസായസ്ഥാപനങ്ങൾക്ക് ഉള്ളിൽനടക്കുന്ന മറ്റ് ക്രിമിനൽപ്രവർത്തനങ്ങളും ഇതിന്റെ പരിധിയിൽവരില്ല. അത്തരം കേസുകൾ ക്രമസമാധാനപാലനത്തിന്റെ ഭാഗമായി പോലീസ് നടപടിയായി തുടരും.

മറ്റ് പ്രധാന മാറ്റങ്ങൾ

  • സംരംഭങ്ങൾക്കുള്ള അപേക്ഷകൾ, ലൈസൻസ് പുതുക്കൽ, ഭേദഗതികൾ തുടങ്ങിയവയ്ക്ക് നൽകുന്ന അപേക്ഷകൾ ട്രാക്ക് ചെയ്യാനാകണം.
  • ഓരോ അപേക്ഷയിലും നടപടിയെടുക്കുന്നതിന് ഉദ്യോഗസ്ഥരെടുക്കുന്ന സമയം പൊതുജനങ്ങൾക്ക് കാണാവുന്നരീതിയിൽ ഏകജാലക വെബ്‌സൈറ്റ്
  • വ്യവസായ ആവശ്യങ്ങൾക്ക് ഭൂമിവാങ്ങുമ്പോൾ രജിസ്‌ട്രേഷൻ സമയത്തുതന്നെ 20 വർഷത്തെ രേഖകൾ തണ്ടപ്പേര്‌ നമ്പർ നൽകുമ്പോൾതന്നെ ഓൺലൈനിൽ ലഭ്യമാക്കണം. ഇതിനായി റവന്യുരേഖകൾ ഡിജിറ്റൈസ് ചെയ്യണം. ഭൂമിയുടെ ഉടമസ്ഥമാറ്റം അറിയാനാകുന്നരീതിയിൽ ഓൺലൈൻ ക്രമീകരിക്കണം.
  • കേന്ദ്ര-സംസ്ഥാന തലത്തിൽ അനുമതിവേണ്ട സംരംഭങ്ങൾക്ക് പ്രത്യേകം അപേക്ഷ നൽകേണ്ടതില്ല. ഇതിനുവേണ്ടി, കേന്ദ്ര-സംസ്ഥാന തലത്തിലെ വെബ്‌സൈറ്റുകൾ ബന്ധിപ്പിക്കണം.

Follow us on :

More in Related News