03 Jun 2024 14:03 IST
Share News :
വാഷിങ്ടണ്‍: പലസ്തീനില്‍ ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യയ്‌ക്കെതിരേ ഇസ്രായേലിനെ ബഹിഷ്‌കരിച്ച് യു.എസ് നഗരമായ ഹാംട്രാക്. കഴിഞ്ഞ ദിവസമാണ് ഹാംട്രാക് ഇസ്രായേലിനെതിരെ ബഹിഷ്‌കരണ വിഭജന ഉപരോധ പ്രമേയം (ബി.ഡി.എസ് ) പാസാക്കിയത്. ഇസ്രായേലി കമ്പനികളില്‍ നിന്നും ഇസ്രായേലിനെ പിന്തുണക്കുന്ന കമ്പനികളില്‍ നിന്നും സാധനങ്ങളും സേവനങ്ങളും വാങ്ങുന്നത് പൂര്‍ണമായും നിര്‍ത്തുമെന്ന് ബി.ഡി.എസ് പ്രമേയത്തില്‍ പറയുന്നു.
ഇതോടെ ഇസ്രായേലിനെ ബഹിഷ്‌കരികരിക്കുന്ന ആദ്യ യു.എസ് നഗരമായി ഹാംട്രാക് മാറി. ബി.ഡി.എസിന്റെ ബഹിഷ്‌കരണം യഹൂദ വിരുദ്ധമല്ലെന്നും ഇതിന്റെ തലപ്പത്ത് യഹൂദര്‍ ഉണ്ടെന്നും ബി.ഡി.എസ് വക്താക്കള്‍ വ്യക്തമാക്കി. അതോടൊപ്പം വിദ്യാര്‍ഥി സംഘടനകളോടും ബി.ഡി.എസിന്റെ ഭാഗമാകാന്‍ അവര്‍ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച രാത്രിയോടെയാണ് ഹാംട്രാക്കില്‍ ബി.ഡി.എസ് പ്രമേയം നടപ്പാക്കിയത്.‘പലസ്തീനികളെ സഹായിക്കാന്‍ ഞങ്ങളാല്‍ സാധിക്കുന്ന എല്ലാ സഹായവും ഞങ്ങള്‍ ചെയ്യും. അവരുടെ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നത് വ്യക്തിഗതമായി തന്നെ നമ്മള്‍ ബഹിഷ്‌കരിക്കേണ്ടതുണ്ട്. ഞങ്ങള്‍ നല്‍കുന്ന പണം കൊണ്ട് പലസ്തീനികളെ കൊല്ലാന്‍ ഞങ്ങള്‍ അനുവദിക്കില്ല,’ ഒരു കൗണ്‍സില്‍ അംഗം പറഞ്ഞു.
ഹാംട്രാക്കിലെ സിറ്റി കൗണ്‍സിലിന്റെ യോഗത്തിലാണ് അംഗങ്ങള്‍ ബി.ഡി.എസ് പ്രമേയം അംഗീകരിക്കാന്‍ തീരുമാനമെടുത്തത്. ‘പലസ്തീന്‍ ജനതക്കും അവരുടെ ഭൂമിയിലെ ഇസ്രായേല്‍ അധിനിവേശം അവസാനിപ്പിക്കാനുള്ള അവരുടെ ശ്രമങ്ങള്‍ക്കും പിന്തുണ നല്‍കുക എന്നതാണ് ഈ പ്രമേയത്തിന്റെ ലക്ഷ്യം,’ കൗണ്‍സില്‍ അംഗങ്ങള്‍ പ്രഖ്യാപിച്ചു. പലസ്തീനെ അനുകൂലിച്ചുകൊണ്ട് ഹാംട്രാക്കിന്റെ മേയര്‍ അമര്‍ ഗാലിബ് കൗണ്‍സിലില്‍ സംസാരിച്ചിരുന്നു. ‘പ്രത്യക്ഷത്തില്‍ ഭൂരിഭാഗം അമേരിക്കന്‍ ജനതയും ഇസ്രായേല്‍ നടത്തുന്ന പലസ്തീന്‍ വംശഹത്യക്കെതിരാണ്.
എന്നാല്‍ ഞങ്ങളുടെ ഭരണകൂടം ഇവിടത്തെ ജനങ്ങളുടെ ആശങ്കക്ക് ചെവികൊടുക്കുന്നില്ല,’അദ്ദേഹം പറഞ്ഞു. വര്‍ണവിവേചനങ്ങള്‍ക്കെതിരെ ദക്ഷിണാഫ്രിക്കയില്‍ നടന്ന ബഹിഷ്‌കരണ ക്യാംപയിനുകള്‍ക്ക് സമാനമാണ് ബി.ഡി.എസ് ക്യാംപയിനും. സാംസ്‌കാരികവും സാമ്പത്തികവും അക്കാദമികവുമായ ബഹിഷ്‌കരണത്തിലൂടെ ഇസ്രായേലിന്റെ അധിനിവേശത്തെയും പലസ്തീന്‍ മനുഷ്യാവകാശ ലംഘനവും തടയാന്‍ ശ്രമിക്കുകയാണ് ബി.ഡി.എസ് ക്യാംപയിന്‍.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ബി.ഡി.എസ് സിറ്റി കൗണ്‍സില്‍ ഗസയിലെ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുകയും പലസ്തീനികളോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ ‘പലസ്തീന്‍ അവന്യു’ എന്ന് അവിടെയുള്ള സിറ്റികളില്‍ ഒന്നിന് പേര് നല്‍കുകയും ചെയ്തിരുന്നു.
Follow us on :
Tags:
More in Related News
Please select your location.