Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബൂട്ടഴിച്ച ഇന്ത്യൻ ഇതിഹാസം

08 Jun 2024 17:30 IST

- Saifuddin Rocky

Share News :

ലോക ഫുട്ബോൾ രാജാക്കന്മാരായ ക്രിസ്റ്റിയാനോ റൊണാൾഡോയോടും ലയണൽ മെസ്സിയോടും കിടപിടിച്ച ഇന്ത്യൻ ഇതിഹാസം...

ഗോൾവേട്ടയിൽ ലോകത്ത് നാലാം നമ്പറിൽ...ഫിഫ റാങ്കിങ്ങിൽ നാണക്കേടില്ലാത്തൊരു സ്ഥാനത്തെത്തിച്ചതിന്റെ ക്രെഡിറ്റ്‌...

രാജ്യം കടപ്പെട്ടിരിക്കുന്നു ഈ കുറിയ മനുഷ്യനോട്...അഭൂതപൂർവമായ പല അന്താരാഷ്ട്ര നേട്ടങ്ങളും രാജ്യത്തിന് സമ്മാനിച്ച, ത്രിവർണ പതാകയുടെ യശസ്സുയർത്തിയ ഈ ഇതിഹാസകാവ്യം നീല ജേഴ്‌സി അഴിക്കുമ്പോൾ വിശേഷണത്തിന് മലയാള നിഘണ്ടുവിൽ ഇനി വാക്കുകളില്ല! സ്വപ്നങ്ങളുടെ പറുദീസയിൽ, അകലെ മിന്നിത്തിളങ്ങുന്ന ഫുട്ബോൾ ലോകത്തെ കൊതിയോടെ കാത്തിരുന്ന ഒരു ബഹുജനതയ്ക്ക് സുനിൽ ഛേത്രി ഒരു മിശിഹയായി അവതരിക്കുകയായിരുന്നു... ഇന്ത്യൻ സ്കോർ ബോർഡിൽ ലക്ഷ്യപൂർത്തീകരണ നയന മനോഹര കാഴ്ചയിൽ എന്നും കൊത്തിവെക്കപ്പെട്ട പേര് ;അതായിരുന്നു ഛേത്രി!

ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണെന്ന് ചാക്കോ മാഷിന്റെ ഭാഷ്യം. എന്നാൽ, ഇന്ത്യ കണ്ട ഫുട്ബോൾ ഗോളത്തിന്റെ സ്പന്ദനം നമുക്ക് അനുഭവവേദ്യമാക്കിയത് സെക്കണ്ടറാബാദിൽ ജനിച്ച ഈ ഡൽഹിക്കാരനാണ്. രാജ്യം ആ വിയർപ്പും അർപ്പണ മനോഭാവവും കാണാതിരുന്നില്ല എന്ന് തിരിഞ്ഞു നോക്കുമ്പോൾ ഓരോ ഫുട്ബോൾ പ്രേമിക്കും സമാധാനിക്കാം. പദ്മശ്രീയും അർജുന, ഖേൽ രത്‌ന അവാർഡുകളും സ്വന്തം പേരിലാക്കിയ മറ്റൊരു ഫുട്ബോളറും ഇന്ത്യയിലില്ല. കാൽപന്ത് കളിയുടെ വശ്യ മനോഹാരിത ഒട്ടും കണ്ണഞ്ചിപ്പിക്കാത്ത, ഫുട്ബോളിന്റെ ചടുലതാളം ഒരിക്കലും ബോധ്യമാവാത്ത ബഹുഭൂരിപക്ഷ ഇന്ത്യക്കാരിൽ സുനിൽ ഛേത്രിയുടെ നാമം ബഹുമാനപുരസ്സരം കാതുകളിൽ നിന്ന് കാതുകളിലേക്ക് ഒഴുകിയെത്തിയത് ഇന്ത്യൻ സൂപ്പർ ലീഗിന്റെ പേരും പെരുമയും കാരണമാണെന്ന് പറയാൻ കഴിയില്ല. ചില കാവ്യങ്ങൾ നിർബന്ധമായും വായിക്കേണ്ടതായിട്ടുണ്ടല്ലോ? സുനിൽ ഛേത്രി എന്ന ഐതിഹാസിക രചനയും അക്കൂട്ടത്തിൽ ഇടം പിടിച്ചില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ!

ഒരു പകരക്കാരനില്ലാതെയാണ് സുനിൽ ഛേത്രിയുടെ മടക്കം. ഡീഗോ മാറഡോണയ് ക്ക് പകരക്കാരനായി ലയണൽ മെസ്സി വന്നു. ഒരു റോജർ ഫെഡറർ പോയപ്പോൾ ദ്യോകോവിച്ചുമാർ രംഗ പ്രവേശം ചെയ്യുന്നു.സച്ചിൻ ടെണ്ടുൽക്കറുടെ സ്ഥാനത്തേക്ക് വിരാട് കോലിയെയും പരിഗണിക്കാം... പക്ഷേ സുനിൽ ഛേത്രി ശൂന്യമാക്കിയിട്ട ഇന്ത്യൻ മുന്നേറ്റനിരയിലെ ക്ലിനിക്കൽ ഫിനിഷറുടെ വേക്കൻസി ഫില്ല് ചെയ്യാൻ നമുക്കായിട്ടില്ല... അവിടെയാണ് ഛേത്രി എന്ന ചെറിയ മനുഷ്യന്റെ വലിയ കീർത്തി ചർച്ചയാവുന്നത്.

1984 ഓഗസ്റ്റ് 3 ന് സൈനികോദ്യോഗസ്ഥനായ കെ. ബി ഛേത്രിയുടെയും സുശീലയുടെയും മകനായി സെക്കണ്ടറാബാദിൽ ജനിച്ച സുനിൽ ഛേത്രി 2002 ൽ മോഹൻബഗാനിലൂടെ തന്റെ 18ആം വയസ്സിൽ ഔദ്യോഗിക ഫുട്ബോൾ കരിയർ ആരംഭിച്ചു. പിന്നീട് ജെ സി ടി മിൽസ് ഫഗ്വാരയിൽ ചേർന്നതോടെയാണ് പ്രശസ്തിയിലേക്കുയരുന്നതും ദേശീയ സീനിയർ ടീമിലേക്ക് ഇടം ലഭിക്കുന്നതും. ഇതേ സമയത്ത് വിദേശ ക്ലബ്ബുകളിൽ നിന്നടക്കം ഓഫറുകൾ വന്നിരുന്നു. തുടർന്ന് അദ്ദേഹം ഈസ്റ്റ്‌ ബംഗാളിൽ ചേക്കേറി. പിന്നീട് ഡെമ്പോ ഗോവയിലും കളിച്ചു.

അമേരിക്കൻ മേജർ സോക്കർ ലീഗിൽ കൻസാസ് സിറ്റിക്ക് വേണ്ടിയും ഇതിനോടകം കളിച്ചു. 2010 ൽ ആയിരുന്നു അത്. അവിടെ ഹാട്രിക് നേടാനും ഇന്ത്യൻ താരത്തിനായി.

2013-14 സീസൺ മുതലാണ് ബംഗളുരു എഫ് സി യിൽ കളിച്ചു തുടങ്ങുന്നത്.ഒരു സീസൺ മുംബൈ സിറ്റിക്കായും പന്ത് തട്ടി. പിന്നീടിങ്ങോട്ട് ഇതുവരെ ബംഗളൂരുവിന്റെ നീല ജേഴ്‌സിയിലാണ് ഛേത്രി മൈതാനം അടക്കി വാണത്.

ഒരു തവണ എ എഫ് സി ചലഞ്ച് കപ്പ്‌(2008), 4 തവണ സാഫ് ചാമ്പ്യൻഷിപ്പ്(2011,2015, 2021,2023), മൂന്ന് തവണ നെഹ്‌റു കപ്പ് (2007, 2009,2012) തുടങ്ങിയ കിരീടനേട്ടങ്ങളിൽ പങ്കാളിയായ താരം ഇന്റർ കോണ്ടിനെന്റൽ കപ്പ് (2018, 2023), ത്രിരാഷ്ട്ര പരമ്പര (2023) എന്നിവ നേടുന്നതിൽ മുഖ്യ റോൾ വഹിക്കുകയും ചെയ്തു. വർഷങ്ങൾക്ക് ശേഷം ഇന്ത്യയ്ക്ക് ഏഷ്യ കപ്പിലേക്ക് യോഗ്യത നേടിക്കൊടുത്തതും ഛേത്രിയുടെ കളി മികവായിരുന്നു.

151 അന്താരാഷ്ട്ര മത്സരങ്ങളിൽ 94 ഗോളുകൾ നേടിയ സുനിൽ ഛേത്രി ലോകത്ത് എക്കാലത്തെയും ഗോൾ വേട്ടക്കാരിൽ നാലാം സ്ഥാനത്താണ്. പോർച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാൾഡോ, അർജന്റീനയുടെ ലയണൽ മെസ്സി, ഇറാന്റെ അലി ദേയ്... ആദ്യ മൂന്ന് പേരുകാരെ അറിയുമ്പോഴാണ് ഛേത്രിയുടെ നേട്ടം നിസ്സാരമല്ലെന്ന് കാണുക! ഏഷ്യൻ താരങ്ങളിൽ രണ്ടാം സ്ഥാനവും കൽപ്പിക്കപ്പെടുന്നു. ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചതും മറ്റാരുമല്ല.

അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ രാജ്യത്തെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരം ഏഴ് തവണയാണ് കരസ്ഥമാക്കിയത്. ഇതൊരു റെക്കോർഡ് ആണ്. രാജ്യത്ത് ഖേൽ രത്‌ന അവാർഡ് നേടിയ ഒരേയൊരു ഫുട്ബാൾ താരവും സുനിൽ ഛേത്രിയാണ്. രാജ്യത്തിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ കളിക്കാരൻ തന്നെയാണ് ഐ ലീഗിലും (94), ഇന്ത്യൻ സൂപ്പർ ലീഗിലും(60) ഏറ്റവും അധികം ലക്ഷ്യം കണ്ട ഇന്ത്യക്കാരൻ.

ഇനി ഇങ്ങനെയൊരു ഛേത്രി നമുക്കുണ്ടാവാം ;ഇല്ലായിരിക്കാം. പക്ഷേ, ഒന്നുമില്ലായ്മയുടെ ഫുട്ബോൾ കളത്തിലേക്ക് കുറച്ചൊക്കെ തന്നാലാവുന്ന സംഭാവനകൾ അർപ്പിക്കാൻ അദ്ദേഹത്തിനായിട്ടുണ്ടെങ്കിൽ ധൈര്യമായി അദ്ദേഹത്തെ വിളിക്കാം 'ദ റിയൽ ഹീറോ' എന്ന്.... കാലം കരുതിവെച്ച ഇന്ത്യൻ ഫുട്ബോളിന്റെ പര്യായപദമായി സുനിൽ ഛേത്രി എന്ന ചരിതം വിളങ്ങി നിൽക്കും...

മഹാനായ ഫുട്ബോൾ താരത്തിന് മറ്റേതെങ്കിലും വേഷത്തിലോ , ഏതെങ്കിലും ചുമതലകളിലായോ ഇന്ത്യൻ ഫുട്ബോളിൽ നിറഞ്ഞു നിൽക്കാൻ കഴിയട്ടെ...നമ്മൾ ആഗ്രഹിക്കുന്നതും അത് തന്നെയാണല്ലോ...


@saifuddin rocky

Follow us on :

More in Related News